
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ തട്ടിപ്പ് ആരോപണങ്ങളിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറി. അന്തിമ റിപ്പോർട്ട് ഞായറാഴ്ച സമർപ്പിക്കുമെന്നാണ് വിവരം. കുംഭമേള നടന്ന കാലയളവിലാണ് സാമ്പത്തിക ക്രമക്കേടുകൾ ഏറ്റവും കൂടുതലായി നടന്നതെന്ന സൂചനകൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം.
അന്വേഷണത്തിന്റെ ഭാഗമായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾക്കും ജീവനക്കാർക്കും അയോധ്യ വിട്ടുപോകരുതെന്ന നിർദേശം നൽകിയിട്ടുണ്ട്. ട്രസ്റ്റിന്റെ ഭൂമിയിടപാടുകളും അന്വേഷണ പരിധിയിലുണ്ട്. ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുൻ കർസേവകൻ ഉൾപ്പെടെ മൂന്ന് പേരുടെ പരാതിയും അയോധ്യ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.
ഇതിനിടെ അന്വേഷണത്തെ കൂടുതൽ ഗൗരവത്തിലാക്കുന്ന നിർണായക കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. ക്ഷേത്രത്തിലെ ശേഖരത്തിൽ നിന്ന് 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായതായി എസ്ഐടി കണ്ടെത്തി. ഇവ സംബന്ധിച്ച രേഖകളൊന്നും ക്ഷേത്ര അധികൃതരുടെ പക്കൽ ലഭ്യമല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ഭക്തർ സമർപ്പിച്ച ഈ വെള്ളി കട്ടകൾ ക്ഷേത്രത്തിന്റെ അടിത്തറയിൽ സ്ഥാപിക്കാനായിരുന്നു തീരുമാനം. എന്നാൽ അവ എവിടെ ഉപയോഗിച്ചുവെന്നതിനെക്കുറിച്ചോ നിലവിൽ എവിടെയാണെന്നതിനെക്കുറിച്ചോ വ്യക്തമായ രേഖകൾ ലഭിച്ചിട്ടില്ല.
കഴിഞ്ഞ ആറു ദിവസമായി വെള്ളി കട്ടകളുടെ സഞ്ചാരപഥം കണ്ടെത്താൻ എസ്ഐടി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ നിർണായക വിവരങ്ങൾ ലഭിച്ചിട്ടില്ല. വെള്ളി സ്വീകരിച്ചതിന്റെയോ സൂക്ഷിച്ചതിന്റെയോ ഉപയോഗിച്ചതിന്റെയോ ഔദ്യോഗിക രേഖകൾ ലഭ്യമല്ലെന്നാണ് സൂചന.
അതേസമയം, വെള്ളി സംഭാവന നൽകിയ ജ്വല്ലേഴ്സ് അസോസിയേഷൻ തങ്ങളുടെ കൈവശം ട്രസ്റ്റിന് വെള്ളി കൈമാറിയതിന്റെ ഔദ്യോഗിക രസീത് ഉണ്ടെന്ന് വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്വർണവ്യാപാരികളുടെ സംഭാവനകൾ സമാഹരിച്ചാണ് 60 കിലോ വെള്ളി കട്ടകൾ തയ്യാറാക്കി ക്ഷേത്രത്തിന് കൈമാറിയതെന്ന് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് റസ്തോഗി പറഞ്ഞു.
അടിത്തറയിടൽ ചടങ്ങിലോ പിന്നീട് നടന്ന നിർമാണപ്രവർത്തനങ്ങളിലോ ഈ വെള്ളി കട്ടകൾ കണ്ടിട്ടില്ലെന്നും പിന്നീട് അവയുടെ വിവരങ്ങൾ ലഭ്യമാകാതായെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളി കട്ടകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് രാംശങ്കർ യാദവ് (ടിന്നു), കൃഷ്ണദേവ് തിവാരി, രാംലല്ലയുമായി ബന്ധപ്പെട്ട നാല് പൂജാരിമാർ എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തു. ആഭരണങ്ങളുടെയും വഴിപാടുകളുടെയും മേൽനോട്ട ചുമതലയുള്ള കൃഷ്ണദേവ് തിവാരി വെള്ളി കട്ടകളെക്കുറിച്ച് അറിവില്ലെന്നാണ് മൊഴി നൽകിയതെന്നാണ് വിവരം. കാണാതായതായി പറയപ്പെടുന്ന മാലയെയും ഭഗവാന്റെ പാദുകയെയും കുറിച്ചും തനിക്ക് വിവരമില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
അന്തിമ റിപ്പോർട്ട് പുറത്തുവന്നാൽ ക്ഷേത്ര ട്രസ്റ്റിനെയും സംഭാവനാ മാനേജ്മെന്റിനെയും സംബന്ധിച്ച കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.











